പാലക്കാട്: പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്.
നിലവില്‍ സുരേഷ് ഒളിവിലാണെന്ന് പോലീസ് പറയുന്നു. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡന്റാണ് സുരേഷ്. പുലർച്ചെ മൂന്നരയോടെയായിരുന്നു തനിച്ച് കഴിയുന്ന വയോധികയ്ക്ക് നേരെ അപ്രതീക്ഷിത ആക്രണമുണ്ടായത്.
ആലത്തൂർ കാവശേരിയിലെ പാടൂർ പുറമ്പോക്കിൽ കൂര കെട്ടികഴിയുകയാണ് 65കാരിയായ വയോധിക. ഉറങ്ങിക്കിടക്കുമ്പോൾ കൂരപൊളിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. അതിക്രമത്തിനെതിരെ പ്രതിരോധിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. വയോധിക കുതറി മാറി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടി. ഇവരാണ് വയോധികയെ ആശുപത്രിയിലേക്ക് മാറ്റിയത്. വയോധികയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.